Tuesday, September 14, 2010

കരിക്കട്ട
കരഞ്ഞു കരഞ്ഞു തളര്‍ന്നപ്പോള്‍
കറുത്തവനൊരു
കഷണം കല്‍ക്കണ്ടം കിട്ടി
ചിരിച്ച് ചരിച്ചെഴുന്നേറ്റപ്പോള്‍
കറുത്തവനൊരു
കഷണം കരിക്കട്ട കിട്ടി
വീണ്ടും കരഞ്ഞു
കരഞ്ഞു തളര്‍ന്നപ്പോള്‍
കറുത്തവനൊരു
കഷണം കല്‍ക്കണ്ടം കിട്ടി
ചുവന്നലറിയെഴുന്നേറ്റപ്പോള്‍
കറുത്തവവനൊരു
കീറ്്് തണുത്ത രാത്രി കിട്ടി.
വെളിച്ചത്തിനായലറി
മുഖം കറുത്തപ്പോള്‍
കറുത്തവന് കിട്ടി
കൈക്കുടന്ന നിറയെ തീപ്പൊട്ടുകള്‍
രോഷം പുകഞ്ഞു കാട്ടുതീ്
കലങ്ങിയപ്പോള്‍
കറുത്തവന്‍ വെറുമൊരു കരിക്കട്ട.
കൊടും തീയ്യില്‍ ചുട്ടെടുത്ത
കാട്ടു വിത്തുപോല്‍
കറുത്തവന്‍
വെറുമൊരു കരിക്കട്ട
മുലപ്പാല്‍

മഞ്ഞിന്റെ വെളുത്ത ആകാശം
പുകയുന്ന തീനാഗം പോലെ
തണുപ്പിന്റെ തോടിളക്കാതെ
തീവണ്ടി ഓടുന്നു.
വളവില്‍ തണുത്ത പാളത്തില്‍
കിടന്ന് കുഞ്ഞിന് മുല കൊടുക്കുന്നൊരമ്മ
കടലിരമ്പത്തിലെ
കിളിയൊച്ച പോലൊരു നിലവിളി
കേട്ടുവോ?
തണുപ്പിന്റെ തോടിളക്കാതെ
തീവണ്ടിയോടുന്നു.
അമ്മയുടെ ചുണ്ടിലൊരു
ചോരത്തുള്ളി
കുഞ്ഞിന്റെ
ചുണ്ടിലൊരമ്മിഞ്ഞത്തുള്ളി
പെണ്ണു കാണല്‍

സത്യസന്ധനായിരുന്നു ഞാന്‍
എല്ലാ മുന്‍കരുതലും ഞാന്‍ എന്നും
എടുക്കുമായിരുന്നു.
എം. കോം. ബിരുദവും
സാമാന്യം സമ്പത്തും എനിക്കുണ്ട്
എല്ലാ പ്രവൃത്തികള്‍്ക്കും
രേഖകള്‍ വേണമെന്ന് എനിക്ക്
നിര്‍ബന്ധമായിരുന്നു.
പെണ്ണു കാണാന്‍ പോകുമ്പോള്‍
ഞാന്‍ ഇന്‍ഷ്വറന്‍സ് ഏജന്റിനെയും
കൂട്ടിയിരുന്നു.
അവളെ കണ്ടയുടനെ എനിക്ക് ബോധിച്ചു.
പക്ഷെ എല്ലാം ഞാന്‍ വിദേശ ഇന്‍ഷ്വറന്‍സ്
ഏജന്റിനെ ഏല്‍പ്പിച്ചിരുന്നു.
അയാളായിരുന്നു അവളെ അളന്നത്
മുലയുടെ ഉയരം .നിതംബത്തിന്റെ ആകൃതി.
നാഭിയുടെ പരപ്പ് എല്ലാം അയാള്‍
കിറുകൃത്യമായി അളന്നെഴുതി്.
ഭയന്നു പോയ അമ്മയോട്
പ്രീമിയം സ്തീധത്തില്‍ കുറക്കാമെന്ന്
ഏജന്റ് ഉറപ്പു കൊടുത്തു
അതിനും ഒരു രേഖ വേണമെന്ന്
ഞാന്‍ സത്യസന്ധമായി പറഞ്ഞു
അവള്‍ക്കും അത് സ്വീകാര്യമായിരുന്നു.
ഫിസ്റ്റുല
കാശ്മീരിന്റെ മാപ്പു പോലെ
ഉടുമുണ്ടില്‍ ചോരപ്പാടുകള്‍
മലമടക്കുകളില്‍ എരിവും പുകച്ചിലും
ചോരച്ചളിയും ദുസ്സഹാസ്വാസ്ഥ്യവും
വരണ്ട മണ്ണിലെ നേരിയ മഴച്ചാറ്റല്‍
പോലെ ചോരപ്പകര്‍ച്ച.
ഇടക്ക് കടുത്ത കാലവര്‍ഷം പോലെ
പൊട്ടിയൊഴുകുന്ന ചോരച്ചാലുകള്‍
ഉത്തരേന്ത്യന്‍ തെരുവു
പോലെയഴുക്ക്പിടിച്ചയടിവാരങ്ങള്‍.

കാശ്മീരിന്റെ മാപ്പു പോലെ
ഉടുമുണ്ടില്‍ ചോരപ്പാടുകള്‍...
ആരോ മലയടിവാരങ്ങളില്‍ തീര്‍ത്തു
സമാന്തര തുരങ്കങ്ങള്‍
അവിടെ പച്ചനിറമുള്ള പഴുപ്പോ
ചീനപ്പകയുടെ പുകച്ചുരുളോ
രാജരഥ്യകളില്‍ ഭയകൗടില്യത്തിന്റെ
തുരഗവേഗങ്ങള്‍, കുളമ്പടിയൊച്ചകള്‍
പക വീണു വെളുത്തു തണുത്ത
ഹിമ നിടിലങ്ങളില്‍
ചോര പുരണ് കിടക്കും
വെള്ളി നിലാവ് പോലൊരു
വെള്ളപ്പിറാവ് കുറുകുന്നു.

Sunday, August 29, 2010

ആദ്യരാത്രി

നീല നിറമുള്ള മഴയാണ്
മലഞ്ചെരിവില്‍ പെയ്യുന്നത്
ശബ്ദം കുറഞ്ഞ ഇടിനാദത്തിന്
പച്ച വെളിച്ചം
ശ്മശാനത്തിലെ തീക്കട്ടപോലെ
മിന്നലിനും ചാരം പുരണ്ട വെളിച്ചം
കൂട്ട നിശ്വാസത്തിന്റെ
തേങ്ങലുകളാണ് മഴക്ക്
വെടിയുപ്പിന്റെ രുചിയാണ്്
മഴവെള്ളത്തിനാകെ.
മലയുടെ മലദ്വാരങ്ങളില്‍
ദൈവ വിഗ്രഹങ്ങള്‍
മഴനനയാതെകിടന്നു.
തണുപ്പില്‍ നനഞ്ഞ മണ്ണില്‍
ശാപം പൊതിഞ്ഞ വിത്തുകള്‍
കണ്‍മിഴിച്ചു.
ജീവന്റെ സ്പന്ദനങ്ങള്‍ തോറ്റുപോയ
ആണവ ശൈത്യത്തിന്റെ ആദ്യരാത്രി.
മണ്ണില്‍ വിരിഞ്ഞ കുഞ്ഞു
തമോഗര്‍ത്തങ്ങളില്‍
വേദങ്ങള്‍ ചത്തുമലച്ച
ഗൗളികളെപ്പോലെ
വെള്ള വയര്‍കാട്ടി പൊന്തിക്കിടന്നു.
ജീവന്റെ നാദം നിലച്ച
ആണവ ശൈത്യത്തിന്റെ ആദ്യരാത്രി.
ഒടുക്കമൊരു കിളിനാദമെവിടെയോ കേട്ടോ
കരിനാഗത്തിന്റെ കടിച്ചു പിടിച്ച
കടവായില്‍നിന്നും
ഒടുക്കമൊരു കിളിനാദമെവിടേയോ കേട്ടോ.....

Sunday, August 22, 2010

വഴി

വഴി

ആദ്യം എനിക്ക് വഴികാട്ടിത്തന്നത്
ഒരു വെളുത്ത നിറമുള്ള ജാരന്‍
അവന്‍ പറഞ്ഞു തന്ന വഴികളില്‍
ഗന്ധകത്തിന്റെ രൂക്ഷ മണം അലയിടിച്ചു.

രണ്ടാമത്തെയാള്‍ കണ്ണു പൊട്ടനായ
ഒരു വൃദ്ധനായിരുന്നു
തടവില്‍ കിടക്കുന്ന കാലമാണ്
സഹതടവുകാര്‍ അയാളുടെ
കണ്ണു കുത്തിപ്പൊട്ടിച്ചത.്
ഉറങ്ങുമ്പോള്‍ കണ്ണില്‍ ചിരവത്തണ്ട്
കയറ്റിയയാള്‍ക്ക് പിന്നീട്
നിരന്തരം പരോളും ഒടുക്കം
ജയില്‍ മോചനവുമായി
എനിക്ക് ജയിലിലേക്കാണ്
വൃദ്ധന്‍ വഴികാട്ടിത്തന്നത്.
ചിരവത്തണ്ട് കയറിയ കണ്ണ്
വൃത്തികെട്ട മരപ്പൊത്ത് പോലെ
വികൃതമായിരുന്നു.
നീ പോകേണ്ടത് അവിടെത്തന്നെയാണ്

മൂന്നാമത്തെയാള്‍
കിണറു കുഴിക്കുമ്പോള്‍
കിണറ്റില്‍ വീണു മരിച്ച ഒരു
കമ്മ്യൃണിസ്റ്റുകാരന്റെ ആത്മാവായിരുന്നു.
അയാള്‍ കാണിച്ച വഴി
മുഴക്കം മുറിവേല്‍പ്പിക്കുന്ന
അന്ധകൂപത്തിലേക്കായിരുന്നു.
പ്രേതങ്ങളുടെ നിഴലുകള്‍ നീരാടുന്ന
ജലതലങ്ങള്‍.............
ഒരു കൈ നിട്ടിയപ്പോള്‍ ആയിരം
തണുത്ത കൈകള്‍.
ഒടുക്കം
എല്ലാ വഴികളും കറുത്ത
കിണറ്റിലേക്കാണെന്നു ഞാന്‍
തിരിച്ചറിഞ്ഞു
തണുപ്പില്‍ തുളച്ച്് തരിച്ചറിഞ്ഞു.