Sunday, August 22, 2010

വഴി

വഴി

ആദ്യം എനിക്ക് വഴികാട്ടിത്തന്നത്
ഒരു വെളുത്ത നിറമുള്ള ജാരന്‍
അവന്‍ പറഞ്ഞു തന്ന വഴികളില്‍
ഗന്ധകത്തിന്റെ രൂക്ഷ മണം അലയിടിച്ചു.

രണ്ടാമത്തെയാള്‍ കണ്ണു പൊട്ടനായ
ഒരു വൃദ്ധനായിരുന്നു
തടവില്‍ കിടക്കുന്ന കാലമാണ്
സഹതടവുകാര്‍ അയാളുടെ
കണ്ണു കുത്തിപ്പൊട്ടിച്ചത.്
ഉറങ്ങുമ്പോള്‍ കണ്ണില്‍ ചിരവത്തണ്ട്
കയറ്റിയയാള്‍ക്ക് പിന്നീട്
നിരന്തരം പരോളും ഒടുക്കം
ജയില്‍ മോചനവുമായി
എനിക്ക് ജയിലിലേക്കാണ്
വൃദ്ധന്‍ വഴികാട്ടിത്തന്നത്.
ചിരവത്തണ്ട് കയറിയ കണ്ണ്
വൃത്തികെട്ട മരപ്പൊത്ത് പോലെ
വികൃതമായിരുന്നു.
നീ പോകേണ്ടത് അവിടെത്തന്നെയാണ്

മൂന്നാമത്തെയാള്‍
കിണറു കുഴിക്കുമ്പോള്‍
കിണറ്റില്‍ വീണു മരിച്ച ഒരു
കമ്മ്യൃണിസ്റ്റുകാരന്റെ ആത്മാവായിരുന്നു.
അയാള്‍ കാണിച്ച വഴി
മുഴക്കം മുറിവേല്‍പ്പിക്കുന്ന
അന്ധകൂപത്തിലേക്കായിരുന്നു.
പ്രേതങ്ങളുടെ നിഴലുകള്‍ നീരാടുന്ന
ജലതലങ്ങള്‍.............
ഒരു കൈ നിട്ടിയപ്പോള്‍ ആയിരം
തണുത്ത കൈകള്‍.
ഒടുക്കം
എല്ലാ വഴികളും കറുത്ത
കിണറ്റിലേക്കാണെന്നു ഞാന്‍
തിരിച്ചറിഞ്ഞു
തണുപ്പില്‍ തുളച്ച്് തരിച്ചറിഞ്ഞു.

1 comment:

Unknown said...

ബ്ലോഗ് എഴുതുന്നുണ്ട് അല്ലേ? കഴിഞ്ഞ ആഴ്ചത്തെ സപ്ലിമെന്റിലെ തെങ്ങ് ചതിക്കുമോ എന്ന ലേഖനം നന്നായിരുന്നു. ഇന്നത്തെ പരിപാടിയെ പറ്റി ഞാനൊരു പോസ്റ്റ് എഴുതി. അത് ദിനകരനെ അറിയിക്കണമെന്ന് തോന്നിയപ്പോള്‍ അഡ്രസ്സിന് നെറ്റില്‍ തപ്പി. അങ്ങനെയാണ് ഇവിടെ എത്തിയത്. അല്പസമയം ബ്ലോഗിന് വേണ്ടിയും നീക്കിവെക്കുമല്ലോ. എന്റെ പോസ്റ്റിന്റെ ലിങ്ക് ഇതാണ്. നോക്കണേ...

സസ്നേഹം,
കെ.പി.എസ്.