നീ ഇപ്പോള്‍ വരക്കുന്ന
ചിത്രങ്ങള്‍ എല്ലാം എന്നെ പേടിപ്പിക്കുന്നു
എന്തൊക്കെയാണി വരച്ചു കൂട്ടുന്നത്
വെട്ടിയെടുത്ത പശുവിന്റെ തല,
അര്‍ശസ്സു ബാധിച്ച മലദ്വാരം,
ഒരു കണ്ണു മാത്രമുള്ള ബുദ്ധ പ്രതിമ,
സ്പരിട്ടില്‍ സൂക്ഷിച്ച കൈപ്പത്തി,
തലയോട്ടി കൊണ്ടുണ്ടാക്കിയ
പാത്രത്തില്‍ കൊക്കോക്കോളയും
വലിച്ചു കുടിക്കാനുള്ള മഞ്ഞ സ്രേ്ടാവും.
പെണ്‍കുട്ടീ നീ വരക്കുന്ന ചിത്രങ്ങള്‍
എന്നെ വല്ലാതെ പേടിപ്പിക്കുന്നു.
നിന്റെ ചിത്രങ്ങള്‍ക്ക് എന്തിനിത്ര
കടുംചായക്കൂട്ടുകള്‍
നീ വരച്ച ഉപ്പു തരികള്‍ക്ക് വെളുപ്പാണ്
പക്ഷെ നീ എന്തിന് അതില്‍
കടും ചുവപ്പാര്‍ന്ന ചോരയൊഴിച്ചു?
ചോരയിലെ ലാവണ്യമാണ് എനിക്ക് വേണ്ടത്
ചോരയിലെ ലവണമല്ല.
ചില ചിത്രങ്ങള്‍ എന്താണെന്ന്
മനസ്സിലാവുന്നേയില്ല
പൂക്കൂടകളില്‍ പറ്റിച്ചേര്‍ന്നു കിടക്കുന്ന
ചെന്നായുടെ ഒരു കണ്ണ്
ചോര പുരണ്ട ആ കണ്ണ് എന്നെ
ചിത്രത്തില്‍ നിന്നും തുറിച്ചു നോക്കുന്നു.
നഗ്‌ന സന്യാസിയുടെ
പൂജാ പാത്രത്തിനടുത്ത്
എന്തിനാണ് നീ പാദസരമിട്ട ഒരു
പെണ്‍കുട്ടിയുടെ കണങ്കാല്‍ വരച്ചു ചേര്‍ത്തത്?
ആണ്‍ കുട്ടിയെ കുളിപ്പിക്കുന്ന അമ്മയുടെ
കണ്ണില്‍ ആരെങ്കിലും പേടി വരച്ചു ചേര്‍ക്കുമോ
നിനക്ക് ഭാവന തീരെയില്ല.
നിന്റെ എല്ലാ മനോഹര ശലഭങ്ങളുടെ
മുഖങ്ങളിലും കൂര്‍ത്ത കൊതുകിന്റെ
കൊമ്പുകളാണ് വരച്ചു ചേര്‍ത്തിരിക്കുന്നത്
ഒട്ടും ചേരുന്നില്ല.
'മാര്‍ക്കറ്റ്്' എന്നു പേരിട്ട ഒരു ചിത്രത്തില്‍
എന്തിനാണ് നിന്റെ നഗ്‌നത വരച്ചു ചേര്‍ത്തത്
ഉപ്പു മാങ്ങാ ഭരണിയില്‍ നി എന്തിനാണ്
ചത്ത വിഷപ്പാമ്പിനെ വരച്ചു ചേര്‍ത്തത്
ചിത്രങ്ങള്‍ വരക്കാനറിയില്ലെങ്കില്‍
ദയവ് ചെയ്ത് ബ്രഷ്് എടുക്കരുത്
പേടി കൊണ്ട് ചായം കൊടുക്കരുത്
പേടിയുടെ നിറം മഞ്ഞയാണ്
അതു കാണുമ്പോള്‍ ഞാന്‍ വിളറി്േപ്പാകും
ദിനകരന്‍ കൊമ്പിലാത്ത്
No comments:
Post a Comment