Wednesday, November 10, 2010

കണക്ക്

ഞാന്‍ ജയില്‍ മോചിതനാകുമ്പോള്‍
78വയസ്സുള്ള രോഗിയായിരുന്നു
മുപ്പതാം പിറന്നാള്‍ ദിനത്തിലായിരുന്നു
കാരാഗൃഹ വാസത്തിന്റെ തുടക്കം
നേതാവിന്റെ പുച്ചയെകൊന്നതിന്
അഞ്ചു വര്‍ഷം.
ഓഫിസില്‍ ഒരു കണക്ക് തെറ്റിച്ചതിന്
പത്തു വര്‍ഷം.
ജയിലറുടെ ഭാര്യയെ സ്വപ്നം
കണ്ടതിന് പത്തു വര്‍ഷം
മൂന്നു ആത്മഹത്യാ ശ്രമത്തിന്
മറ്റൊരു പതിനഞ്ചു വര്‍ഷം
മൊത്തം നാല്‍പ്പതു വര്‍ഷം
പിന്നെയെട്ടു വര്‍ഷം
അധികമായത്്
ജയിലുദ്യോഗസ്ഥരുടെ
കണക്കില്‍ വന്ന പിശകായിരുന്നു.
കണക്കറിയാത്ത ഒരു
തടവുകാരാനായിരുന്നു
എന്റെ തടവിന്റെ കണക്കു കൂട്ടിയത്
അയാള്‍ കണക്കു പുസ്തകവുമായി
ആത്മഹത്യ ചെയ്തതിനാല്‍
എന്റെ കണക്കുകള്‍ക്ക്
കണക്കില്ലാതായി......

Saturday, November 6, 2010

ചെഗുവേര

ചെ,
ഇപ്പോള്‍
ഒരു നൂറ്റാണ്ടകന്നു
പായുന്നു.
വെടിമരുന്നറക്ക്
തീയെറിഞ്ഞോടുന്ന
നരവര്‍ഗ്ഗജാരന്റെ
ഭീതിപോലെ
ചെ,
നീ പനിപോലെ
മെല്ലെ
പടി കേറി വന്നിട്ട്
പോരിന്റെ രോഷം
വിതച്ച രാത്രിയില്‍
ബൊളീവിയയില്‍
ശോണ മേഖങ്ങള്‍
കൂടുകെട്ടി.
ചെ,
നീയാദ്യം
നുള്ളി നോവിക്കുന്ന
കുട്ടിയായി
പിന്നെ
കുത്തി നോവിക്കുന്ന
കത്തിയായി

ചെ,
നിന്റെ നിലവിളിയില്‍
പുരുഷന്‍
ആദ്യമായി
പേറ്റു നോവറിഞ്ഞു.
ചെ,
നിന്റെ ചിരിയില്‍
അറ്റക്കാമയില്‍
ചുവന്ന പൂക്കള്‍ വിരിഞ്ഞു.
ചെ,
നിന്റെ നെഞ്ചില്‍
ലാറ്റിനമേരിക്കല്‍
കളിക്കളങ്ങളിലെ
ആരവങ്ങള്‍ പൂത്തുലഞ്ഞു

ചെ,
നിന്റെ ചിന്തകളില്‍
കുതറിയോടിയ
കാളക്കൂറ്റന്‍മാര്‍
കാലങ്ങളുടെ കാതുകളിലേക്ക്്്
മുക്രയിട്ടു
ചെ,
നീ ഉണരാനായി
മാത്രം ശവപ്പെട്ടിയില്‍
നീണ്ടു കിടന്നു.
ചെ,
അവരുടെ
വെടിയുണ്ടകള്‍
ബൊളീവിയയുടെ
കൃഷിയിടം കിളച്ചു.
ചെ,
നീ കാരുണ്യവാനായ
ഭിഷഗ്വരന്‍
നിന്റെ ശസ്ര്തം ഒരു
ശാസ്ര്തം

അവിടെ മഞ്ഞു വീണ്
തണുത്ത്
മഴ വീണ് നനഞ്ഞ്
കറ വീണ് ക്ലാവ് പിടിച്ച്
ദയയുടെ സ്മൃതി നാശത്തില്‍
ശ്വാസം പിടഞ്ഞു.....
ചെ.
കരയരുത്
ചരിത്രം തിമിരത്തിന്റെ
കംബളം വിരിച്ചു
കിടന്നു കഴിഞ്ഞു.
കള്ളയുറക്കത്തിന്റെ
പൊരുളറിയാതെ
നീ ശവപ്പെട്ടിയില്‍
കിടക്കുക...........

Saturday, October 30, 2010

രാജവെമ്പാല

രാജവെമ്പാല

പത്തിമടക്കി
തണുത്ത ഹൃത്തടങ്ങളില്‍
വളഞ്ഞു പുളഞ്ഞു
കൂടിപ്പിരിഞ്ഞു കിടക്കുന്നു
തിളങ്ങും കരിവരകള്‍
പുതച്ച് രാജവെമ്പാല.

അടയാത്ത കണ്ണുകളില്‍
ചുരമാന്തും കടല്‍ച്ചുഴി
പകയുടെ നീലവിഷം
നീന്തും തടാകം
ഭയംജലജീവിയായി
വാലിട്ടിളക്കുന്നു

നിന്റെ ദര്‍ശനം
കൊടും ദംശനം
നിന്റെ സ്പര്‍ശനം
വിഷ വര്‍ഷണം.
ഇര പോല്‍ പ്രതികാരം
വിഴുങ്ങിയലസമായ്
വീഷമാറ് വീര്‍പ്പു മുട്ടിക്കുമൊരു
പൂതനാമോഹം പോല്‍
നീ രാജവെമ്പാല,
കാത്തിരിക്കുന്നതാരെ
മൃതി ദ്രാവകത്തില്‍
നീല ഛഷകവുമായ്
ഇരുട്ടിന്‍
നീലപ്പുതപ്പിനടിയില്‍
ഒടുക്കത്തെ കാത്തിരിപ്പിന്റെ
നിലക്കാത്ത നീലദാഹമായ്
നീ രാജവെമ്പാല

24.9.10

Friday, October 29, 2010

നാട്ടുകാര്യം

ചോര വാര്‍ന്നു മരിച്ചോരമ്മയുടെ
മടി്ത്തട്ടിലുറങ്ങുന്ന
കുഞ്ഞിനെപ്പോലെ ഇറാക്ക്.
ഭ്രാന്താലയത്തിന്റെ തുരുമ്പിച്ച
കമ്പിയില്‍ കെട്ടിയിട്ട മുഴുഭ്രാന്തനെ
പ്പോലെയഫ്ഘാനിസ്ഥാന്‍.
അച്ഛനെക്കൊന്ന മകനെയൊളിപ്പിക്കാന്‍
വെമ്പുമമ്മയുടെ ദൂരൂഹമൗനം
പോലെ വടക്കന്‍ കൊറിയ.
ഉത്‌സവപ്പറമ്പിലലഞ്ഞു തിരിയും
കുടിയന്‍ മധ്യവയസ്‌കനെപ്പോലെയിന്ത്യ.
വിറ്റു തീര്‍ന്ന മാനം പൊന്നു
പെട്ടിയിലട്ടിവെക്കുന്ന പെണ്ണിന്റെ
കൗതുകച്ചിരിയുമായി റഷ്യ.
ലായത്തിന്റെയിരുട്ടില്‍ തുരഗവേഗം
മറന്നു പോം
യുദ്ധക്കുതിരയെപ്പോലെ തിബത്ത്്.
വെട്ടിക്കൊല നടന്ന വീട്ടുമുറ്റം
തൂത്തുവൃത്തിയാക്കുന്ന
വീട്ടമ്മയെപ്പോലെ ശ്രിലങ്ക.
തിങ്ങിനിറഞ്ഞ പ്ലാറ്റു ഫോമില
ന്തിയുറങ്ങാന്‍ നടക്കും ഗതികെട്ട
യാത്രക്കാരനെപ്പോലെ ബംഗ്ഌദേശ.
മദ്രസക്കുള്ളില്‍ മനസ്സിന് സമനില
തെറ്റിനടക്കുമുസ്താദിനെപ്പോലെ
പാക്കിസ്താന്‍.
ഗോള്‍ വീണ ഗ്രൗണ്ടിലെയാരവം
പോലെ തെക്കന്‍ കൊറിയ.
ജയില്‍ വളപ്പിലെ നാടകശാലയില്‍
വീഞ്ഞുമോന്തിച്ചിന്തിച്ചിരിക്കുന്ന
തടവുകാരനെപ്പോലെ ചൈന.
പഞ്ചനക്ഷത്ര ഹോട്ടലിന്റെയിരുണ്ട
ഇടനാഴിയില്‍
അര്‍ധരാത്രിയില്‍ മയങ്ങിനടക്കും
തന്റേടിപ്പെണ്ണിനെപ്പോലെ തായ്‌ലാന്റ
ദൂരിതം പിടിച്ച കൊ്ല്ലന്റെ
കുടിലിന് മുന്നില്‍ കെട്ടിയിട്ടോരെലുമ്പന്‍
പട്ടിയെപ്പോലെ
വൃത്തിഹീനനായി സുഡാന്‍.
കാമുകിയുടെ നാഭിച്ചുഴിയില്‍ വിണ
തേന്‍ നക്കിയെടുക്കും കാമുകനെപ്പോലെ
സ്വിറ്റ്‌സര്‍ലാന്റ്.
മതപാഠശാലയിലെ പൊന്‍താളലങ്കരി്ച്ച
വേദപുസ്തകം പോലെ സൗദിഅറേബിയ.
കൂമ്പടഞ്ഞ കൂറ്റന്‍ തെങ്ങില്‍ നിന്നും
നിരാശ കൊ്ത്തിപ്പറന്നകലും
കുരുവിക്കൂട്ടംപോലെ ക്യൂബ.
എത്ര രാജ്യങ്ങളെത്ര വൈവീധ്യ
വര്‍ത്തമാനങ്ങള്‍..
ഒത്തു നോക്കിയാല്‍ നാമെത്രയോ
ഭാഗ്യവാന്‍മാര്‍
കുത്തിനോവിക്കും രൂക്ഷ വേദനാ
സൂചികളെത്രയുണ്ടെങ്കിലും
ചിത്ത വെളിച്ചത്തിലോടിക്കളിക്കുവാന്‍
ഇത്തരി സ്വാതന്ത്ര്യം
ബാക്കിയുള്ളതെത്ര ഭാഗ്യം.


29.10.10

Sunday, October 10, 2010

അവള്‍

രാത്രി
മുഖം വികൃതമായ
മന്തുകാലന്‍.
പടിയിറങ്ങിയ പകലിനെ
തെറിപറഞ്ഞു
കയറി വന്ന ജാരവര്‍ത്തകന്‍.
പൊള്ളിയ ചുണ്ടില്‍
വ്രണമണമുള്ള ചോര.
നീട്ടിത്തുപ്പിയ താംബൂലത്തില്‍
വീണുപിടഞ്ഞു തിങ്കള്‍
അവള്
രാത്രി,
മുടി കോതിയൊതുക്കണം
കനവുകളൊന്നായ്
കഴുകിയുണക്കണം
നാലും കുൂട്ടി മുറുക്കണം
തെറിവാക്കുകള്‍ക്കോടാമ്പലിടണം
തേടിവരുന്ന വാഹനത്തില്‍
മിണ്ടാതെ കേറിയിരിക്കണം
പുളിച്ച തമാശകള്‍ക്കുമ്മ കൊടുക്കണം
അയലത്തെ ജാലകച്ചില്ലയില്‍
ചാരക്കണ്ണുകള്‍,വാവല്‍ക്കൂട്ടങ്ങള്‍

ഇനി ഞാന്‍ അതിരുകളെഴുതാത്ത
ഉത്‌സവപ്പറമ്പാണ്്,
ബീഡിക്കുറ്റികള്‍,
ചര്‍ദ്ദിപ്പറ്റുകള്‍ വീണുകിടക്കും
തറനിലമാണ്
തെറികള്‍ പാടിത്തച്ചു തിമര്‍ക്കും
തിമിലകളാണ്, തംബുരുവാണ്
കനവുകളെല്ലാം ചുട്ടുകരിക്കും
ചിതയുടെ ചാരക്കുഴികളുമാണ്്്
ചിന്തകള്‍ തിന്നു മലച്ച
ചിലന്തികളന്തിയുറങ്ങും
വന്ധ്യ ജലാശയമാണ്.
വറ്റിയ പുഴകള്‍ പോലെ,
കത്തിയ കാടുകള്‍ പോലെ,
ചൂടും ദാഹവുമൊന്നായ്
പെറ്റു കിടക്കും
നാഭിക്കിണറുകളാണ്.

ദിനകരന്‍ കൊമ്പിലാത്ത്
10.10.10

Tuesday, September 14, 2010

കരിക്കട്ട
കരഞ്ഞു കരഞ്ഞു തളര്‍ന്നപ്പോള്‍
കറുത്തവനൊരു
കഷണം കല്‍ക്കണ്ടം കിട്ടി
ചിരിച്ച് ചരിച്ചെഴുന്നേറ്റപ്പോള്‍
കറുത്തവനൊരു
കഷണം കരിക്കട്ട കിട്ടി
വീണ്ടും കരഞ്ഞു
കരഞ്ഞു തളര്‍ന്നപ്പോള്‍
കറുത്തവനൊരു
കഷണം കല്‍ക്കണ്ടം കിട്ടി
ചുവന്നലറിയെഴുന്നേറ്റപ്പോള്‍
കറുത്തവവനൊരു
കീറ്്് തണുത്ത രാത്രി കിട്ടി.
വെളിച്ചത്തിനായലറി
മുഖം കറുത്തപ്പോള്‍
കറുത്തവന് കിട്ടി
കൈക്കുടന്ന നിറയെ തീപ്പൊട്ടുകള്‍
രോഷം പുകഞ്ഞു കാട്ടുതീ്
കലങ്ങിയപ്പോള്‍
കറുത്തവന്‍ വെറുമൊരു കരിക്കട്ട.
കൊടും തീയ്യില്‍ ചുട്ടെടുത്ത
കാട്ടു വിത്തുപോല്‍
കറുത്തവന്‍
വെറുമൊരു കരിക്കട്ട
മുലപ്പാല്‍

മഞ്ഞിന്റെ വെളുത്ത ആകാശം
പുകയുന്ന തീനാഗം പോലെ
തണുപ്പിന്റെ തോടിളക്കാതെ
തീവണ്ടി ഓടുന്നു.
വളവില്‍ തണുത്ത പാളത്തില്‍
കിടന്ന് കുഞ്ഞിന് മുല കൊടുക്കുന്നൊരമ്മ
കടലിരമ്പത്തിലെ
കിളിയൊച്ച പോലൊരു നിലവിളി
കേട്ടുവോ?
തണുപ്പിന്റെ തോടിളക്കാതെ
തീവണ്ടിയോടുന്നു.
അമ്മയുടെ ചുണ്ടിലൊരു
ചോരത്തുള്ളി
കുഞ്ഞിന്റെ
ചുണ്ടിലൊരമ്മിഞ്ഞത്തുള്ളി